കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിലെ സങ്കീര്‍ണ്ണതകള്‍ മൂലം പൊതുജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു എന്നു ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ 152 ചട്ടങ്ങളെ 109 ആക്കി ചുരുക്കിയും KMBR KPBR ചട്ടങ്ങളുടെ റൂള്‍ നമ്പരുകള്‍ ഏകീകരിച്ചും കൂടുതല്‍ പൊതുജനസൌഹൃദമാക്കിക്കൊണ്ട് 2019 നവംബര്‍ 8 മുതല്‍ പ്രാബല്യത്തോടെ സര്‍ക്കാര്‍ പുതിയ പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ചട്ടങ്ങളെ പറ്റി വേണ്ടത്ര അവഗാഹമില്ലാത്തതിനാലും വായിച്ചു മനസിലാക്കാനുള്ള പ്രാപ്തിയില്ലായ്മ മൂലവും പലരും ഗുരുതരമായ പ്രതിസന്ധികളില്‍ ചെന്നുപെടുന്നുണ്ട്. പുതുതലമുറയില്‍പ്പെട്ട ലൈസന്‍സികളും ചട്ടങ്ങളെ പറ്റി അജ്ഞരാണെന്നതാണ് സത്യം.
ഇതിനൊരു പരിഹാരമെന്ന നിലയില്‍ പൊതുജനങ്ങള്‍ക്കും ലൈസന്‍സികള്‍ക്കും വളരെയെളുപ്പം തങ്ങള്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന കെട്ടിടം പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരം ആണോ എന്നു പരിശോധിക്കാനായി ഒരു പുതിയ എക്സല്‍ ടൂള്‍ KPBR VIOLATION CHECKER Ver.1 അവതരിപ്പിക്കുന്നു.
KPBR 2019 നെ അടിസ്ഥാനമാക്കി പ്ളാനും സൈറ്റും പരിശോധിച്ച് നിര്‍മ്മാണത്തിന്‍റെ അടിസ്ഥാന വിവരങ്ങള്‍ നല്‍കുമ്പോള്‍ ചട്ടലംഘനം ഉണ്ടോ എന്ന് സിസ്റ്റം തന്നെ പരിശോധിക്കുകയും അതനുസരിച്ച് റിപ്പോര്‍ട്ട് ജനറേറ്റ് ചെയ്യുകയും ചെയ്യുന്ന വിധത്തിലാണ് ഈ ടൂള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. ഏതൊരു പോതുജനത്തിനും ലൈസന്‍സികള്‍ക്കും തങ്ങളുടെ കെട്ടിടനിര്‍മ്മാണം ചട്ടപ്രകാരമാണോ എന്ന് പ്രാഥമികമായി ഇതുപയോഗിച്ച് പരിശോധിക്കാനും അങ്ങനെ കുറ്റമറ്റ രീതിയിലുള്ള ഒരു പ്ലാനും അപേക്ഷയും പഞ്ചായത്തില്‍ സമര്‍പ്പിക്കാനും കഴിയും.
ഒട്ടനവധി ഫോര്‍മുലകള്‍ ലിങ്ക് ചെയ്ത് തയ്യാറാക്കിയ ടൂളായതിനാല്‍ തെറ്റുകള്‍ സംഭവിക്കാനുള്ള സാധ്യത വളരെ ഏറെയാണ്. ഇപ്പോഴും ഇത് പൂര്‍ണ്ണമാണെന്ന് അവകാശപ്പെടുന്നില്ല. ആയതിനാല്‍ ഫീല്‍ഡ് ടെസ്റ്റിനായി സുഹൃത്തുക്കളുടെ കൈകളിലേയ്ക്ക് ഇതു നല്കന്നു. ഓരോരുത്തരും ഇതുപയോഗിച്ച് കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ പരിശോധിക്കുകയും ശ്രദ്ധയില്‍ പെടുന്ന അപാകതകള്‍ വാട്സാപ് അല്ലെങ്കില്‍ ഇ മെയില്‍ മുഖേന എന്നെ അറിയിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.
ഈ പ്രോഗ്രാം സമ്പുഷ്ടമാക്കാന്‍ ഏറെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ എക്സല്‍ ടൂള്‍ ആര്‍മി വാട്സാപ് ഗ്രൂപ്പിലെ പ്രിയ സുഹൃത്തുക്കള്‍ക്ക് ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.
ഇതുപയോഗിച്ച് റിപ്പോര്‍ട്ടു തയ്യാറാക്കുമ്പോള്‍ പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ 2019 കൂടി നിര്‍ബന്ധമായും നോക്കേണ്ടതാണ് എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു. സജീവമായ പരിശോധനയും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിയ്ക്കുന്നു. പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക.
No comments:
Post a Comment