Sunday, December 15, 2019

KPBR REPORTER Ver.7

പ്രീയ സുഹൃത്തുക്കളെ
             2019 നവംബര്‍ 8 മുതല്‍ പ്രാബല്യത്തോടെ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പുതിയ പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളെ എക്സലിന്‍റെ കള്ളികളില്‍ ഒതുക്കുക എന്ന ഭഗീരഥ പ്രയത്നം വിജയത്തോടടുക്കുന്നു. KPBR REPORTER Ver.6 ല്‍ ഒട്ടനവധി പിഴവുകള്‍ കണ്ടെത്തിയതിനാല്‍ ഏതാണ്ട് സമ്പൂര്‍ണ്ണമായിത്തന്നെ ഈ എക്സല്‍ ടൂള്‍ അഴിച്ചു പണിയേണ്ടി വന്നു. പരാജയത്തിന്‍റെ വക്കില്‍ പല തവണ നിരാശനായി നിന്നുവെങ്കിലും വാശി ആയിരുന്നു. ഒടുവില്‍ എക്സലിന്‍റെ കള്ളികളില്‍ ഇരുന്ന് ചട്ടങ്ങള്‍ എന്നെ നോക്കി ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ ആവേശമായി. കൂട്ടിന് പ്രീയ സുഹൃത്ത് അനിലും എത്തി. ഏതാണ്ട് ഒരു മാസത്തെ കഠിന യത്നം... മിക്ക ദിവസങ്ങളിലും അര്‍ദ്ധ രാത്രി കഴിഞ്ഞും നീണ്ടു പോയ പരിശ്രമം. കമ്പ്യൂട്ടര്‍ മോണിറ്ററില്‍ നോക്കി പരിക്ഷീണമായ കണ്ണുകള്‍ സര്‍ജറി കഴിഞ്ഞതാണെന്ന് വേദനയിലൂടെ ഓര്‍മ്മിപ്പിച്ചുവെങ്കിലും തുള്ളി മരുന്ന് കൊടുത്ത് ഒതുക്കി. ആ കഷ്ടപ്പാടിന്‍റെ സന്തതിയെ നിങ്ങളുടെ കൈകളിലേക്ക് സന്തോഷത്തോടെ ഏല്‍പ്പിക്കുന്നു.ഒട്ടനവധി എക്സല്‍ ടൂളുകള്‍ തയ്യാറാക്കിയിട്ടുണ്ടെങ്കിലും ഇത്രയധികം സമയവും പ്രയത്നവും ചെലവഴിച്ചത് ഇതിനു വേണ്ടി ആയിരുന്നു.
                             KPBR 2019 നെ അടിസ്ഥാനമാക്കി പ്ളാനും സൈറ്റും പരിശോധിച്ച് നിര്‍മ്മാണത്തിന്‍റെ അടിസ്ഥാന വിവരങ്ങള്‍ നല്‍കുമ്പോള്‍ ചട്ടലംഘനം ഉണ്ടോ എന്ന് സിസ്റ്റം തന്നെ പരിശോധിക്കുകയും അതനുസരിച്ച് സാങ്കേതിക വിഭാഗം സെക്രട്ടറിക്കു നല്‍കേണ്ട റിപ്പോര്‍ട്ട് ജനറേറ്റ് ചെയ്യുകയും ചെയ്യുന്ന വിധത്തിലാണ് ഈ ടൂള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. കൂടാതെ സെക്രട്ടറി നല്‍കേണ്ട പെര്‍മിറ്റ്, റഗുലറൈസേഷന്‍ ഓര്‍ഡര്‍ , ഓക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് എന്നിവയും ഇതിലൂടെ തയ്യാറാക്കാം പ്രധാനമായും ഉദ്യോഗസ്ഥര്‍ക്കുവേണ്ടിയാണ് ഈ എക്സല്‍ ടൂള്‍ തയ്യാറാക്കിയിട്ടുള്ളതെങ്കിലും ഏതൊരു പോതുജനത്തിനും ലൈസന്‍സികള്‍ക്കും തങ്ങളുടെ കെട്ടിടനിര്‍മ്മാണം ചട്ടപ്രകാരമാണോ എന്ന് പ്രാഥമികമായി ഇതുപയോഗിച്ച് പരിശോധിക്കാനും ഇതിലൂടെ കെട്ടിടനിര്‍മ്മാണ ചട്ടങ്ങളെ പൊതുജനസൌഹൃദമാക്കുക എന്ന ഒരു ലക്ഷ്യവും സാക്ഷാത്കരിക്കപ്പെടുന്നു.
                  ഒട്ടനവധി ഫോര്‍മുലകള്‍ ലിങ്ക് ചെയ്ത് തയ്യാറാക്കിയ ടൂളായതിനാല്‍ തെറ്റുകള്‍ സംഭവിക്കാനുള്ള സാധ്യത വളരെ ഏറെയാണ്. ഇപ്പോഴും ഇത് പൂര്‍ണ്ണമാണെന്ന് അവകാശപ്പെടുന്നില്ല. ആയതിനാല്‍ ഫീല്‍ഡ് ടെസ്റ്റിനായി സുഹൃത്തുക്കളുടെ കൈകളിലേയ്ക്ക് ഇതു നല്ക‍ന്നു. ഓരോ ഓഫീസും ഇതിന്‍റെ പരീക്ഷണ ശാല ആകട്ടെ. ഓരോരുത്തരും ഇതുപയോഗിച്ച് കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ പരിശോധിക്കുകയും ശ്രദ്ധയില്‍ പെടുന്ന അപാകതകള്‍ വാട്സാപ് അല്ലെങ്കില്‍ ഇ മെയില്‍ മുഖേന എന്നെ അറിയിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. മുന്‍ വെര്‍ഷനില്‍ ഇതു പോലെ അറിയിച്ചിരുന്നുവെങ്കിലും വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് പ്രതികരിച്ചതെന്ന് ഖേദത്തോടെ പറഞ്ഞുകൊള്ളട്ടെ.
                            ഈ പുതിയ വെര്‍ഷനില്‍ KPBR VIOLATION CHECKER എന്ന ഒരു പുതിയ ടാബ് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏതൊരു പോതുജനത്തിനും ലൈസന്‍സികള്‍ക്കും തങ്ങളുടെ കെട്ടിടനിര്‍മ്മാണം ചട്ടപ്രകാരമാണോ എന്ന് പ്രാഥമികമായി ഇതുപയോഗിച്ച് പരിശോധിക്കാനും അങ്ങനെ കുറ്റമറ്റ രീതിയിലുള്ള ഒരു പ്ലാനും അപേക്ഷയും പഞ്ചായത്തില്‍ സമര്‍പ്പിക്കാനും കഴിയും. മുന്‍ വെര്‍ഷനില്‍ ഇല്ലാതിരുന്ന Weighted Average FSI and Coverage Calculation , Sanitary Requirements , Additional fee for Higher FSI തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ മതില്‍ നിര്‍മ്മാണം, കിണര്‍ നിര്‍മ്മാണം,മൊബൈല്‍ ടവര്‍ നിര്‍മ്മാണം എന്നിവയുടെ റിപ്പോര്‍ട്ടു കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുപയോഗിച്ച് റിപ്പോര്‍ട്ടു തയ്യാറാക്കുമ്പോള്‍ പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ 2019 കൂടി നിര്‍ബന്ധമായും നോക്കേണ്ടതാണ് എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു. സജീവമായ പരിശോധനയും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിയ്ക്കുന്നു. പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക.

2 comments:

  1. cant edit permit fee, application fee columns, asking password. do the needful

    ReplyDelete
  2. PLEASE CHECK SET BACKS FOR COMMERCIAL

    ReplyDelete